- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴയിൽ പക്ഷിപ്പനി; ചിക്കൻ വിഭവങ്ങളുടെ വിപണനം തടഞ്ഞു; ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഇറക്കി വിട്ടു; നടപടി മുന്നറിയിപ്പ് നല്കാതെ; 30 മുതൽ ഹോട്ടലുകൾ അടച്ചിടും
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ. മുന്നറിയിപ്പില്ലാതെയുള്ള ഈ നടപടിക്കെതിരെ ഹോട്ടലുടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഡിസംബർ 30 മുതൽ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടാൻ ഹോട്ടലുടമകൾ തീരുമാനിച്ചു.
എഫ്എസ്എസ്എഐ ഉദ്യോഗസ്ഥർ ഹോട്ടലുകളിൽ പരിശോധന നടത്തി ഭക്ഷണം കഴിക്കാനെത്തിയവരെ ഇറക്കിവിട്ടതായും, മുൻകൂർ അറിയിപ്പില്ലാതെയാണ് നിരോധനം ഏർപ്പെടുത്തിയതെന്നും ഹോട്ടലുടമകൾ ആരോപിച്ചു. ഈ നടപടി തങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിൽ, ആലപ്പുഴ ജില്ലയിൽ താറാവുകളിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗവ്യാപനം തടയുന്നതിനായി ആലപ്പുഴയിലും കോട്ടയത്തുമായി 12 ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കി.
ആലപ്പുഴയിൽ മാത്രം 19,811 പക്ഷികളെയാണ് കൊന്നൊടുക്കിയത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പക്ഷികളെ കൊന്നൊടുക്കൽ നടപടികൾ പൂർത്തിയാക്കിയത്. ദേശാടന പക്ഷികളുടെ വരവാണ് പക്ഷിപ്പനിക്ക് കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് തയ്യാറെടുപ്പുകൾ നടത്തിയ കർഷകർക്ക് ഈ രോഗബാധ വലിയ തിരിച്ചടിയായി. കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാൻ ജില്ലാ ഭരണകൂടം എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
അസ്വാഭാവികമായി പക്ഷികൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത മൃഗാശുപത്രിയിൽ അറിയിക്കാനും, ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽനിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കുന്നത് തടയാൻ കർശന ജാഗ്രതാ നിർദേശങ്ങളാണ് അധികൃതർ നൽകിയിട്ടുള്ളത്.




