പാലക്കാട്: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. ഇത് ആത്മ പരിശോധനക്കുള്ള സമയമാണ്. തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ പരിശോധിച്ചു തിരുത്തും. നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് തിരുത്താനുള്ള അവസരമായി ഇതിനെ കാണുന്നു.

കൗൺസിലർമാരുടെ ഭാഗത്ത് അപാകത ഉണ്ടെങ്കിൽ അതും പരിശോധിക്കുമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. കൂടാതെ ഒരു വാര്യരും നായരും ഇവിടെ എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.

2026 ൽ പാലക്കാട് മണ്ഡലം ബിജെപി പിടിക്കുമെന്നും ബിജെപിയുടെ സിറ്റിംഗ് സീറ്റ് പോയി എന്ന നിലയിലാണ് മാധ്യമങ്ങൾ ആഘോഷിക്കുന്നതും കൃഷ്ണകുമാർ പറഞ്ഞു. ഇ ശ്രീധരന് ലഭിച്ച വോട്ടുകൾ വ്യക്തിപരമാണ്. ശ്രീധരനുമായി തന്നെ താരതമ്യം ചെയ്യരുത്. ശ്രീധരന് അടുത്തുനിൽക്കാൻ പോലും താൻ യോഗ്യനല്ല. ഇതുവരെ കാണാത്ത വർഗീയ ധ്രുവീകരണം പാലക്കാട് ഉണ്ടായി. ഇതാണ് ബിജെപി തോൽക്കാൻ കാരണമായതെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.

ബിജെപി ജയിച്ചാൽ കലാപം ഉണ്ടാകുമെന്ന് പ്രചാരണം നടന്നു. വി.ഡി സതീശന്‍റെ നേതൃത്വത്തിൽ ഗ്രീൻ ആർമി എന്ന പേരിൽ പ്രത്യേകം പ്രചാരണം നടത്തി. വിജയിച്ച രാഹുലിന് ആശംസകൾ. മുൻ എംഎൽഎ ബാക്കിവെച്ച വികസന പ്രവർത്തനങ്ങൾ എങ്കിലും പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 18724 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വിജയിച്ചു കയറിയത്. ബിജെപി ശക്തികേന്ദ്രങ്ങളില്‍ തകര്‍ന്നടിയുന്ന കാഴ്ച്ചയും പാലക്കാട്ട് കണ്ടു. ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാറിന് കഴിഞ്ഞ തവണ ഇ ശ്രീധരന്‍ നേടിയ വോട്ടുകള്‍ നേടാന്‍ സാധിച്ചില്ല.

അതേസമയം യുഡിഎഫ് പാളയം വിട്ടു എല്‍ഡിഎഫിലേക്ക് ചേക്കേറിയല പി സരിന് വോട്ടു് വർദ്ധിപ്പിക്കാന്‍ സാധിച്ചെങ്കിലും മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നഗരസഭയിലെ ബിജെപി ശക്തികേന്ദ്രങ്ങളിലെ വോട്ട് എണ്ണിത്തീരുമ്പോള്‍ വെറും 400 വോട്ടുകളുടെ മാത്രം മേല്‍ക്കൈയാണ് സി കെ കൃഷ്ണകുമാര്‍ നേടിയത്. ഇതോടെ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയം ഉറപ്പിച്ചിരുന്നു.