മംഗളൂരു: കുടകിലെ തടിയന്റമോള്‍ മലയില്‍ ട്രക്കിങ്ങിന് പോയി കാണാതായ മലയാളി ശരണ്യയുടെ അതിജീവന കഥ വ്യാജമാണെന്ന ആരോപണവുമായി ബി.ജെ.പി കുടക് റൂറല്‍ യൂനിറ്റ് കമ്മിറ്റി രംഗത്ത്. കോഴിക്കോട് നാദാപുരം സ്വദേശിനിയും ഐ.ടി പ്രൊഫഷണലുമായ ജി.എസ് ശരണ്യയെ (36) നാല് ദിവസം കാണാതായതിനെക്കുറിച്ചാണ് പാര്‍ട്ടി പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി കുടക് റൂറല്‍ യൂനിറ്റ് നാപോക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഏപ്രില്‍ 2നാണ് 12 അംഗ സംഘത്തോടൊപ്പം ശരണ്യ കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്റമോള്‍ കയറാന്‍ പോയത്. മടങ്ങിവരുന്നതിനിടെ സംഘത്തില്‍ നിന്ന് വേര്‍പെട്ടുപോയ ശരണ്യ, കൊടും വനത്തിനുള്ളില്‍ പെട്ടുപോവുകയായിരുന്നു. നാല് ദിവസത്തിന് ശേഷം ഏപ്രില്‍ 5നാണ് പ്രാദേശികവാസികള്‍ യുവതിയെ ഉള്‍വനത്തില്‍ കണ്ടെത്തിയത്. വന്യമൃഗങ്ങള്‍ ധാരാളമുള്ള വനത്തില്‍ ഭക്ഷണം പോലുമില്ലാതെ വെള്ളം മാത്രം കുടിച്ചാണ് താന്‍ അതിജീവിച്ചതെന്ന് തിരിച്ചെത്തിയ ശരണ്യ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ബി.ജെ.പി പരാതി നല്‍കിയത്. ആഹാരമില്ലാതെ നാല് ദിവസം കാട്ടില്‍ കഴിഞ്ഞിട്ടും ശരണ്യക്ക് കാര്യമായ ശാരീരിക അവശതകള്‍ ഇല്ലായിരുന്നു എന്നും ഇത് സംശയമുണര്‍ത്തുന്നുണ്ടെന്നും ഇവര്‍ പറയുന്നു. കൂടാതെ ശരണ്യക്കായി വന്‍തോതിലുള്ള തിരച്ചിലാണ് പൊലീസും വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് നടത്തിയത്. ഇത് വ്യാജമാണെങ്കില്‍ സര്‍ക്കാര്‍ പണവും സമയവും പാഴാക്കിയതിന് ശരണ്യക്കെതിരെ നടപടി വേണമെന്ന് ബി.ജെ.പി ആവിശ്യപ്പെട്ടു. ആനകളും മറ്റ് വന്യമൃഗങ്ങളും നിറഞ്ഞ കാട്ടില്‍ ഭയമില്ലാതെ കഴിഞ്ഞു എന്ന വാദവും ഏറെ ദുരൂഹത ഉയര്‍ത്തുന്നുണ്ട്.

നിലവില്‍ ശരണ്യക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും, ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 'ആദ്യഘട്ടത്തില്‍ യുവതിയുടെ മൊഴിയില്‍ ഞങ്ങള്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, സംഭവം ഞങ്ങള്‍ വിശദമായി പരിശോധിക്കും' എന്ന് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.