കൊച്ചി: പറവൂരില്‍ ബിഎല്‍ഒ ജീവനൊടുക്കി. പറവൂര്‍ മൂത്തക്കുന്നം സ്വദേശിയും മൂത്തക്കുന്നം എസ്എന്‍എം കോളേജിലെ ക്ലര്‍ക്കുമായ ഷിജി (49) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ കോളേജ് പ്രിന്‍സിപ്പലിന് സന്ദേശം അയച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ. എസ്‌ഐആറിലെ ജോലി സമ്മര്‍ദ്ദമാണ് ആക്ഷേപത്തിന് കാരണമെന്നാണ് ആക്ഷേപം.

എസ്‌ഐആറുമായി ബന്ധപ്പെട്ട ഫയലുകള്‍ മടങ്ങിവന്നത് ഷിജിയെ മാനസികമായി തളര്‍ത്തിയിരുന്നതായും ജോലി ഭാരത്തെക്കുറിച്ച് ഇദ്ദേഹം സഹപ്രവര്‍ത്തകരോടും ബന്ധുക്കളോടും പരാതിപ്പെട്ടിരുന്നതായും പറയപ്പെടുന്നു.

പ്രിന്‍സിപ്പലിന് സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഷിജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്ഥാനത്ത് ബിഎല്‍ഒമാര്‍ നേരിടുന്ന അമിത ജോലി ഭാരത്തെക്കുറിച്ച് നേരത്തെയും വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.

ബിഎല്‍ഒമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ദാരുണമായ ഈ സംഭവം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.