തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ബോംബ് ഭീഷണി. എന്നാല്‍ഭീഷണിയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. ബോംബ് സ്‌ക്വാഡ് സെക്രട്ടേറിയറ്റില്‍ പരിശോധന തുടരുകയാണ്. അതിന് പുറമെ രാജ് ഭവനിലും ഗതാഗത കമ്മീഷണറുടെ ഓഫീസിലും ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. തലസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ ലഭിക്കുന്ന എട്ടാമത്തെ ബോംബ് ഭീഷണിയാണിത്. ഇവിടങ്ങളിലെല്ലാം ഇ-മെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്.

രണ്ടര മണിക്കൂറിനുളളില്‍ സ്ഫോടനം നടക്കുമെന്നാണ് സന്ദേശത്തിലുളളത്. ബോംബ് ഭീഷണിയുളള സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്തിയിട്ടില്ല. നെടുമ്പാശ്ശേരി വിമാനത്തിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയില്‍ മുഖേനെയാണ് ഭീഷണി സന്ദേശമെത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ തുടരുകയാണ്. അതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ വീടിനും വസതിക്കും ഭീഷണിയുണ്ടായിരിക്കുന്നത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു. എല്ലാ സന്ദേശങ്ങളും എത്തിയത് ഒരു മേല്‍വിലാസത്തില്‍ നിന്നാണെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. ഇന്നലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണിയുണ്ടായിരുന്നു. വിമാനത്താവളത്തിലെ മാനേജറുടെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. റെയില്‍വേ സ്റ്റേഷനിലും ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു.

തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഗാര്‍ഡന്‍ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പൊലീസ് നായ്ക്കളെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സംസ്ഥാനത്തെ വിവിധ കളക്ടറേറ്റുകളിലും ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോട്ടയം കളക്ടറേറ്റുകളിലാണ് ഭീഷണി സന്ദേശം എത്തിയത്.