തിരുവനന്തപുരം: കാട്ടാക്കട ആമച്ചലിൽ കെഎസ്ആർടിസി ബസ് കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഒറ്റശേഖരമംഗലം അമ്പലത്തിൻകാല സ്വദേശിയായ അഭിജിത്ത് (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45 ഓടെ ആമച്ചൽ മുസ്ലിം പള്ളിക്ക് സമീപത്തുവെച്ചാണ് അപകടം നടന്നത്.

റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീകളുടെ കയ്യിൽ തട്ടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകട കാരണം. നിയന്ത്രണം തെറ്റിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണ അഭിജിത്തിന്റെ ശരീരത്തിലൂടെ എതിരെ വന്ന കെഎസ്ആർടിസി ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടം നടന്ന് ഏകദേശം ഒന്നര മണിക്കൂറോളം മൃതദേഹം റോഡിൽ കിടന്നു എന്നതാണ് ഞെട്ടിക്കുന്ന വിവരം. മരണപ്പെട്ട അഭിജിത്തിന്റെ അമ്മ വാർഡിലെ സ്ഥാനാർത്ഥിയാണ്.