- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസിനെ കണ്ടതും പാഞ്ഞെടുത്ത് ഗ്ലാസ് ഇടിച്ചുപൊട്ടിക്കാൻ ശ്രമം; കുറെ നേരം ഡ്രൈവറിനെ രൂക്ഷ ഭാവത്തോടെ നോക്കി നിന്നു; അലറിവിളിച്ച് യാത്രക്കാർ; കൊല്ലത്ത് ഭീതി പടർത്തി കാട്ടാന ആക്രമണം

കൊല്ലം: അച്ചൻകോവിൽ കാനനപാതയിൽ കെ.എസ്.ആർ.ടി.സി. ബസിന് നേരെ തിങ്കളാഴ്ച പകൽ 11.30-ഓടെ ഒറ്റയാൻ പാഞ്ഞടുത്തത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. വളയം കാവിന് സമീപമുണ്ടായ ആക്രമണത്തിൽ ബസിന്റെ ചില്ലുകൾ തകർക്കാൻ ശ്രമിച്ച കാട്ടാന കൊമ്പ് ഉപയോഗിച്ച് ബസ് പിന്നോട്ട് തള്ളുകയും ചെയ്തു. യാത്രക്കാർ തലനാരിഴക്കാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
പുനലൂർ ഡിപ്പോയിൽ നിന്ന് അലിമുക്ക്, മുള്ളുമല വഴി അച്ചൻകോവിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിന് മുന്നിലേക്കാണ് ആനയെത്തിയത്. മുന്നിൽ ആനയെ കണ്ടതോടെ ഡ്രൈവർ ബസ് വശം ചേർത്ത് നിർത്തി പിന്നോട്ടെടുക്കാൻ ശ്രമിച്ചു. എന്നാൽ പിൻതിരിയാതെ ആന ബസിന് നേരെ തുടർച്ചയായി പാഞ്ഞടുക്കുകയായിരുന്നു. കൊമ്പു കൊണ്ട് ബസിൽ കുത്തി പിന്നോട്ട് നീക്കിയതിനൊപ്പം ചില്ലുകൾ തകർക്കാനും ശ്രമം നടന്നു.
യാത്രക്കാർ ബഹളം വെച്ചതോടെയാണ് ആന പിൻതിരിഞ്ഞു കാട്ടിലേക്ക് മറഞ്ഞത്. ഇതോടെയാണ് ബസിലുണ്ടായിരുന്നവർക്ക് ആശ്വാസമായത്. ബസിന് പിന്നിലായി ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്തിരുന്നവരും കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കൊടമല ഭാഗം മുതൽ ആന റോഡിലൂടെ വരുകയായിരുന്നുവെന്ന് ബൈക്ക് യാത്രികർ പറഞ്ഞു.


