മൂന്നാർ: വിനോദ സഞ്ചാരികളുടെ കാറിന് തീപിടിച്ചു. എറണാകുളം സ്വദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. മൂന്നാർ ഉദുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിൽ പെരിവരയ്ക്കും കന്നിമലക്കും ഇടയിൽ വെച്ച് കാറിന് തീആളിപ്പടരുകയായിരുന്നു. എറണാകുളം മുളന്തുരുത്തി സ്വദേശി സജീവ് ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള നിസാൻ ടെറാനോ കാർ ആണ് അഗ്നിക്കിരയായത്.

മറയൂർ സന്ദർശനത്തിനുശേഷം മൂന്നാറിലേക്ക് വരികയായിരുന്ന സംഘം കന്നിമലയ്ക്ക് സമീപത്തു വെച്ച് വാഹനത്തിൽ പുക ഉയരുന്നത് കണ്ട് പെട്ടെന്ന് വാഹനത്തിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു. ഇവർ ഇറങ്ങിയ ഉടൻ തന്നെ വാഹനത്തിൽ വലിയ രീതിയിൽ ആളിപ്പടരുകയായിരുന്നു. വാഹനത്തിൽ നാല് പേരാണ് ഉണ്ടായിരുന്നത്. സഞ്ചാരികൾ പെട്ടെന്ന് തന്നെ വാഹനത്തിൽ നിന്ന് ഇറങ്ങിയത് കൊണ്ട് വൻ ദുരന്തമാണ് ഒഴിവായത്.