തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ പാറ്റൂർ ജംഗ്ഷന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ ഡിവൈഡറിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചു കയറി നാല് പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ അർദ്ധരാത്രിക്ക് ശേഷമാണ് സംഭവം നടന്നത്.

ബൈപ്പാസ് റോഡിൽ നിന്ന് നഗരത്തിലേക്ക് വുകാറായിരുന്നു അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സമീപവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവരിൽ രണ്ട് സ്ത്രീകളുടെയും ഒരു പുരുഷൻ്റെയും നില അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. വികാസ് ഭവന് സമീപം താമസിക്കുന്നവരാണ് അപകടത്തിൽപ്പെട്ടതെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.