ചെന്നൈ: കാർ അപകടത്തിൽ രണ്ട് മലയാളി സ്ത്രീകൾക്ക് ദാരുണാന്ത്യം. തമിഴ്നാട് ദിണ്ടിഗലിലാണ് ദാരുണ സംഭവം നടന്നത്. കോഴിക്കോട് സ്വദേശികളായ രണ്ട് സ്ത്രീകളാണ് മരിച്ചത്. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ പത്ത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

മധുരയിലെ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പുതുപ്പട്ടി ഫ്ലൈ ഓവറിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

മിഥുൻ രാജ് എന്ന യുവാവിനെ തിരുച്ചിറപ്പളളിയിലെ പുതിയ ജോലിസ്ഥലത്തേക്ക് കൊണ്ടുവിടാൻ പോയ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് അപകടത്തിൽപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

പരിക്കേറ്റവരെ നത്തം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.