തൃശൂര്‍: ചേലക്കരയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി.ആര്‍. അനൂപ് നല്‍കിയ പരാതിയിലാണ് കേസെടുത്ത്്. ചേലക്കര പൊലീസാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ നടത്തിയ ഒറ്റതന്ത്ര പരാമര്‍ശത്തിലാണ് കേസെടുത്തിരിക്കുന്നത്.

ചേലക്കരയിലെ ബി.ജെ.പി ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെ പരാമര്‍ശത്തിനെതിരെയാണ് പരാതി. നേരത്തെ, സി.പി.ഐ നേതാവിന്റേയും ഒരു അഭിഭാഷകന്റേയും പരാതിയില്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസും മോട്ടോര്‍ വാഹനവകുപ്പുമാണ് കേസെടുത്തത്.

മനുഷ്യ ജീവന് ഹാനി വരാന്‍ സാധ്യതയുള്ള തരത്തില്‍ ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാണ് പരാതിയിലുള്ളത്. അഭിജിത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. 2024 ഏപ്രില്‍ 20ന് പുലര്‍ച്ച മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തൃശൂര്‍ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി സംസാരിക്കാന്‍ ആംബുലന്‍സില്‍ എത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

എന്നാല്‍ പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ പോയിട്ടില്ലെന്നായിരുന്നു ആദ്യം സുരേഷ് ഗോപിയുടെ വാദം. ബി.ജെ.പി ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് അവിടെ എത്തിയതെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ, യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാകണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം അറിയാനാകില്ല. അത് അന്വേഷിച്ചു അറിയണമെങ്കില്‍ സി.ബി.ഐ വരണം. സി.ബി.ഐയെ ക്ഷണിച്ചുവരുത്താന്‍ തയാറുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.