കല്‍പറ്റ: വന്‍ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്കും ദുരിത ബാധികര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഭക്ഷണം നല്‍കുമെന്ന് ഷെഫ് സുരേഷ് പിള്ള. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. ബത്തേരിയിലെ സഞ്ചാരി റസ്റ്ററന്റിലാണ് ഭക്ഷണം ഒരുക്കുന്നത്. ആയിരത്തോളം പേര്‍ക്കുള്ള ഭക്ഷണം ഒരുക്കി സ്ഥലത്ത് എത്തിച്ചു നല്കുമെന്ന് ഷെഫ് പിള്ള അറിയിച്ചു.

അതേസമയം ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി മാറുമോ എന്ന ആശങ്കയാണ് ഉയരുന്നത്. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത. മുപ്പതിലേറെ പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മേപ്പാടി ഹെല്‍ത്ത് സെന്ററില്‍ 18 മൃതദഹങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജില്‍ അഞ്ച് മൃതദേഹങ്ങളുമുണ്ടെന്നാണ് ജില്ല ഭരണകൂടം നല്‍കുന്ന വിവരം. നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാറിലൂടെ ഒഴുകിയെത്തിയ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരല്‍മല സ്‌കൂളിനു സമീപം രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്. നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. കനത്ത മഴ തുടരുകയാണ്.