- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊട്ടിക്കലാശത്തിന് പിന്നാലെ അരുവിക്കരയിൽ സംഘർഷം; സിപിഎം-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി; പട്ടിക കൊണ്ട് തലയ്ക്ക് അടിയേറ്റ പ്രവർത്തകൻ മെഡിക്കൽ കോളേജിൽ; കർശന നടപടിയെടുക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം. അരുവിക്കര എണിക്കരയിൽ സിപിഎം–ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. എണിക്കരയിൽ വൈകിട്ട് പ്രചാരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കമാണ് അക്രമാസക്തമായത്.
ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവർത്തകനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പട്ടിക കൊണ്ടുള്ള അടിയേറ്റാണ് ഇദ്ദേഹത്തിന് പരിക്ക്. പരിക്കേറ്റ മറ്റു പ്രവർത്തകർ പേരൂർക്കട താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞ് മന്ത്രി ജി.ആർ. അനിൽ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം, പാലക്കാട് പട്ടാമ്പിയിൽ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിനെത്തുടർന്ന് പൊലീസ് ലാത്തി വീശി. പട്ടാമ്പിയിൽ എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നുപോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് റാലിക്ക് നേരെ കല്ലെറിഞ്ഞതോടെ സ്ഥിതി നിയന്ത്രണാതീതമായി.
പിന്നാലെ നടന്ന കൂട്ടത്തല്ലിൽ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരിക്കേറ്റു. സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ഒടുവിൽ പൊലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


