തിരുവല്ല: കുറ്റൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ കള്ളവോട്ട് തടയാന്‍ ശ്രമിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്കും ബൂത്ത് ഏജന്റിനും നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ബിജെപി സ്ഥാനാര്‍ഥി പ്രസന്ന സതീഷിന് മര്‍ദനമേറ്റു. വൈകിട്ട് മൂന്നു മണിയോടെ ആയിരുന്നു സംഭവം.

ആധാര്‍ അടക്കമുള്ള രേഖകള്‍ ഇല്ലാതെ വോട്ട് ചെയ്യാന്‍ എത്തിയ സിപിഎം പ്രവര്‍ത്തകനായ ജോബിയെ ബിജെപി ബൂത്ത് ഏജന്റായ ജിത്തു വോട്ട് ചെയ്യുന്നതില്‍ നിന്നും തടഞ്ഞു. ഇതേ തുടര്‍ന്ന് ജോബിയും സിപിഎം പ്രാദേശിക നേതാവായ വിശാഖനും ചേര്‍ന്ന് ജിത്തുവിനെ മര്‍ദ്ദിച്ചു.

ഇത് തടയാന്‍ എത്തിയ സ്ഥാനാര്‍ഥി പ്രസന്ന സതീഷിനെ വിശാഖ് പിന്നാലെ എത്തി കൈയില്‍ പിടിച്ച് വലിച്ച് എറിഞ്ഞ ശേഷം ചവിട്ടി വീഴ്ത്തുകയായിരുന്നു. പരുക്കേറ്റ പ്രസന്ന സതീഷ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.