പത്തനംതിട്ട: പതിനേഴുകാരിയെ കഴുത്തില്‍ മഞ്ഞച്ചരട് കെട്ടി വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച ശേഷം വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ ആറന്മുള പോലീസ് പിടികൂടി. കോഴഞ്ചേരി ചെറുകോല്‍ പുരയിടത്തില്‍ വീട്ടില്‍ സിബിന്‍ ഷിബു(19) ആണ് അറസ്റ്റിലായത്.

കഴിഞ്ഞവര്‍ഷം മെയ് 25ന് ക്ഷേത്രത്തിലേക്കും മറ്റും പോകുന്ന വഴിയില്‍ വച്ച്, കഴുത്തില്‍ മഞ്ഞചരട് കെട്ടി വിവാഹം കഴിച്ചു എന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം, മറ്റൊരു ദിവസമാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഓഗസ്റ്റ് 18 ന് പകല്‍ 11 മണിക്കായിരുന്നു കുട്ടിയുടെ വീട്ടില്‍ വച്ച് ബലാല്‍സംഗം ചെയ്തത്.

ശിശുക്ഷേമ സമിതിയില്‍ നിന്നും വിവരം ലഭിച്ചത് പ്രകാരം വനിതാ സെല്‍ എസ്.ഐ വി ആശ, കോന്നി എന്‍ട്രി ഹോമില്‍ കഴിയുന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. വിക്ടിം ലെയ്സണ്‍ ഓഫീസറെ നിയമിക്കുകയും, വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള പ്രാഥമിക നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത ശേഷം, ശിശുക്ഷേമ സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കുരങ്ങു മലയില്‍ വച്ച് പിടികൂടുകയായിരുന്നു. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ആറന്മുള പോലീസ് ഇന്‍സ്പെക്ടര്‍ വിഎസ് പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടറെ കൂടാതെ, എസ് ഐ വിഷ്ണു, എസ് സി പി ഓമാരായ പ്രദീപ്, താജുദീന്‍, അനില്‍, ഉമേഷ്, സി പി ഓ മാരായ ജിതിന്‍, വിഷ്ണു, വിഷ്ണു വിജയന്‍, സല്‍മാന്‍, എന്നിവരാണ് ഉണ്ടായിരുന്നത്.