തിരുവല്ല: വിവാഹ വാഗ്ദാനം ചെയ്ത് പാട്ടിലാക്കിയ യുവതിയെ നിരന്തര ലൈംഗിക പീഡനത്തിന് വിധേയയാക്കുകയും പല തവണയായി 25 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ വാഴപ്പള്ളിക്കല്‍ ചരുവില്‍ ലക്ഷം വീട്ടില്‍ ഷൈന്‍ സിദ്ധീഖ് (34) ആണ് പിടിയിലായത്. കുമ്പഴയിലെ ദേശസാല്‍കൃത ബാങ്കില്‍ താത്കാലിക ജീവനക്കാരനാണ്. ഭിന്നശേഷിയുള്ള നാല്‍പ്പതുകാരിയാണ് പീഡനത്തിനും തട്ടിപ്പിനും ഇരയായത്.

2021 ജൂലൈ മുതല്‍ 2022 ജനുവരി 16 വരെയുള്ള കാലയളവില്‍ ക്ലബ് സെവന്‍ ഹോട്ടലിലെ പല മുറികളില്‍ വച്ച് പലതവണ പ്രതി യുവതിയെ പീഡിപ്പിച്ചു. കൂടാതെ കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് എത്തിച്ചും പീഡിപ്പിച്ചു. വിവാഹം കഴിക്കാമെന്ന് വാക്കുകൊടുത്ത ശേഷമായിരുന്നു പീഡനം. വനിതാ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍, സംഭവസ്ഥലം തിരുവല്ല പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ അയച്ചു ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബലാല്‍സംഗത്തിനും തട്ടിപ്പിനും 15 ന് കേസെടുത്തു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രതിക്കുവേണ്ടി ഊര്‍ജ്ജിതമായ അന്വേഷണമാണ് നടത്തിയത്. ഭാര്യയുടെ നെടുമങ്ങാട് കുളവിക്കുളത്തുള്ള വീട്ടില്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 2024 ഓഗസ്റ്റ് മൂന്നിന് വൈകിട്ട് പട്ടം റോയല്‍ ഹോട്ടലില്‍ യുവതിയെ എത്തിച്ചും ബലാല്‍സംഗം ചെയ്തതായി പ്രതി വെളിപ്പെടുത്തി.

ഇയാളുടെ മൊബൈല്‍ ഫോണ്‍, ബാങ്ക് എ.ടി.എം കാര്‍ഡുകള്‍, പാന്‍ കാര്‍ഡ് എന്നിവ പിടിച്ചെടുത്തു, കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിരുവല്ല പോലീസ് ഇന്‍സ്‌പെക്ടര്‍ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ്.ഐ.സുരേന്ദ്രന്‍ പിള്ള, എ.എസ്.ഐ മിത്ര വി. മുരളി, എസ്. സി.പി.ഓമാരായ മനോജ് കുമാര്‍ അഖിലേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.