പത്തനംതിട്ട: പതിനാറുകാരിയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം കൂടെ താമസിപ്പിച്ച് ബലാല്‍സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി. ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി.

കോഴിക്കോട് വളയനാട് മാങ്കാവ് കുളമ്പടന്ന കെ സി ഹൗസില്‍ ഫസില്‍ (29) ആണ് ശിക്ഷിക്കപ്പെട്ടത്. പിഴയടച്ചില്ലെങ്കില്‍ 9 മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണമെന്നും, പിഴത്തുക ഇരയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.

പത്തനംതിട്ട പോലീസ് 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഓഗസ്റ്റ് 28 ന് വീട്ടില്‍ നിന്നും കുട്ടിയെ പ്രതി വിളിച്ചിറക്കി നിര്‍ബന്ധിച്ചു കടത്തിക്കൊണ്ടു പോവുകയായിരുന്നു. കൂടെ പോയില്ലെങ്കില്‍ വണ്ടിക്ക് മുന്നില്‍ ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ കടത്തികൊണ്ടുപോയത്. പത്തനംതിട്ട സ്വകാര്യബസ് സ്റ്റാന്റില്‍ എത്തിയശേഷം കായംകുളം റെയില്‍വേ സ്റ്റേഷനിലും അവിടെ നിന്നും ട്രെയിനില്‍ ചെന്നൈയിലും എത്തിക്കുകയായിരുന്നു.

അവിടെ ഒരു ലോഡ്ജില്‍ 31 മുതല്‍ സെപ്റ്റംബര്‍ ഒന്നുവരെ കൂടെ താമസിപ്പിച്ചു.പിന്നീട് വേറൊരു സ്ഥലത്തെ ഒരു വീട്ടിലേക്ക് മാറി, അന്നുമുതല്‍ 10 വരെ ഒപ്പം താമസിപ്പിച്ച് ബലം പ്രയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. കാണാതായതിന് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കേസ്, പിന്നീട് തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും അന്വേഷണം തുടര്‍ന്നു.

അന്നത്തെ പത്തനംതിട്ട എസ് ഐ ജ്യോതി സുധാകറാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതും പ്രതിയെ പിടികൂടിയതും. പിന്നീട് പോലീസ് ഇന്‍സ്‌പെക്ടര്‍ ജിബു ജോണ്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പോക്സോ നിയമത്തിലെ വകുപ്പുകള്‍ 6, 5(ഹ) എന്നിവയാനുസരിച്ചാണ് ജീവപര്യന്തം ശിക്ഷിച്ചത്. തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷത്തെ കഠിന തടവിനും ശിക്ഷിച്ചു. ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എ എസ് ഐ ഹസീന പങ്കാളിയായി.