മല്ലപ്പള്ളി: കാര്‍ വീട്ടുമുറ്റത്ത് ഇടുന്നത് തടഞ്ഞ വിരോധത്താല്‍ വീടുകയറി ആക്രമിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ രണ്ട് പേരെ പെരുമ്പെട്ടി പോലീസ് പിടികൂടി. മുക്കുഴി സ്റ്റാര്‍ മുക്ക് മരിയക്കാവ് വീട്ടില്‍ ജോര്‍ജ് മാത്യുവിനാണ് മര്‍ദ്ദനം ഏറ്റത്. 17 ന് രാത്രി 7.30 നാണ് സംഭവം. കോയിപ്രം വെള്ളിയാറ ഐരൂര്‍ മരിയക്കാവില്‍ വീട്ടില്‍ ജെയ്സണ്‍ ജോര്‍ജ് (53), പെരുമ്പെട്ടി കൊറ്റനാട് മുക്കുഴി പൈങ്കാവില്‍ വീട്ടില്‍ അരുണ്‍ലാല്‍(42) എന്നിവരാണ് പിടിയിലായത്.

ജോര്‍ജ് മാത്യുവിന്റെ ബന്ധുക്കളും അയല്‍വാസികളുമാണ് പ്രതികള്‍. അരുണ്‍ ലാലിന്റെ ഉടമസ്ഥതയിലുള്ള കാര്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാഞ്ഞതാണ് ആക്രമണകാരണം. മുറിക്കുള്ളില്‍ കയറിയ ജെയ്സണ്‍, ജോര്‍ജ് മാത്യുവിനെ കഴുത്തില്‍ പിടിച്ച് തള്ളി താഴെയിട്ടു. അരുണ്‍ ലാല്‍ നാലഞ്ചുവട്ടം ചവിട്ടി. തുടര്‍ന്ന് ജെയ്സണ്‍ കല്ലെടുത്ത് ഇടിച്ചതിനാല്‍ രണ്ട് വാരിയെല്ലുകള്‍ പൊട്ടുകയും തോളില്‍ ചതവ് സംഭവിക്കുകയും ചെയ്തു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജോര്‍ജ് മാത്യുവിന്റെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയി,.വ്യാപകമാക്കിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് ഉണ്ടെന്ന് വ്യക്തമായി. ഇവിടെ നടത്തിയ തെരച്ചിലില്‍ കസ്റ്റഡിയിലെടുത്തു. കാര്‍ കസ്റ്റഡിയിലെടുത്തു.