- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്കുതര്‍ക്കം: മധ്യവയസ്‌കനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു പരുക്കേല്‍പ്പിച്ചു; ക്രിമിനല്‍ കേസ് പ്രതികളെ അടക്കം അറസ്റ്റ് ചെയ്ത് പോലീസ്
മധ്യവയസ്‌കനെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച മൂന്നു പ്രതികള്‍ പിടിയില്‍
പന്തളം: മധ്യവയസ്‌കനെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ മൂന്നു പ്രതികളെ പോലീസ് പിടികൂടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ മങ്ങാരം മുത്തുണിയില്‍ ദില്‍ഷാ മന്‍സിലില്‍ ദില്‍ക്കു ദിലീപ് (25), ഏനാത്ത് മണ്ടച്ചന്‍പാറ പറവിള പുത്തന്‍വീട്ടില്‍ ജെബിന്‍ തോമസ് (28), മങ്ങാരം കുരീക്കാവില്‍ അജില്‍ കൃഷ്ണന്‍ (28) എന്നിവരാണ് അറസ്റ്റിലായത്. കടയ്ക്കാട് വലിയിവിള കിഴക്കേതില്‍ അബ്ദുല്‍ റഹ്‌മാനാണ് മര്‍ദ്ദനമേറ്റത്.
13ന് രാത്രി 9.30ഓടെ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം വച്ചുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂട്ടറില്‍ വന്ന പ്രതികള്‍ അബ്ദുല്‍ റഹ്‌മാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിര്‍ത്തി ഹെല്‍മെറ്റ് കൊണ്ട് അടിയ്ക്കുകയും ചവിട്ടുകയും മറ്റും ചെയ്യുകയായിരുന്നു.
അബ്ദുല്‍ റഹ്‌മാന്‍ 14 ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എസ് സി പി ഒ ആര്‍ രാജേഷ് മൊഴി രേഖപ്പെടുത്തി. എസ്ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി വരവേ, ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദില്‍ക്കുവിനെയും ജെബിനെയും അടൂരില്‍ നിന്നും അജിലിനെ പന്തളം മുട്ടാര്‍ നിന്നും അന്നു തന്നെ കസ്റ്റഡിയില്‍ എടുത്തു. പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പന്തളം പ്രദേശത്തെ സ്ഥിരം പ്രശ്നകാരികളായ പ്രതികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
ദില്‍ക്കു ദിലീപ് പന്തളം സ്റ്റേഷനിലെ ആറു കേസുകളിലും വെണ്‍മണി പോലീസ് സ്റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്. കാപ്പ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും ബോണ്ട് വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ പന്തളം പോലീസ് ഇയാള്‍ക്കെതിരേ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജെബിന്‍ തോമസ് പന്തളം പോലീസ് സ്റ്റേഷനിലെ നാലു കേസുകളിലും ഏനാത്ത് സ്റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്. അജില്‍ കൃഷ്ണന്‍ പന്തളം സ്റ്റേഷനിലെ രണ്ടു കേസുകളില്‍ പ്രതിയാണ്.
പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ എസ്.ഐ അനീഷ് എബ്രഹാം, എസ് സി പി ഒ ആര്‍ രാജേഷ്, സി പി ഒമാരായ അഖില്‍, അമല്‍ ഹനീഫ്, അനീഷ് കുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.