മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂർ പൂക്കോട്ടുംപാടം വനമേഖലയിൽ രണ്ട് മാസത്തോളം പഴക്കമുള്ള ഒരു മൃതദേഹം കണ്ടെത്തി. കടുവാ സെൻസസിൻ്റെ ഭാഗമായി ക്യാമറകൾ സ്ഥാപിക്കാൻ പോയ വനപാലകരാണ് അച്ചനള ഭാഗത്തേക്കുള്ള വനത്തിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.

അച്ചനള നഗറിൽ താമസിക്കുന്ന ഒരു പ്രാക്തന ഗോത്രവിഭാഗത്തിൽപ്പെട്ടയാളുടേതാണ് മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ഈ വിഭാഗക്കാർ പരമ്പരാഗതമായി ഉപയോഗിക്കുന്ന കൊട്ടയും കത്തിയും കണ്ടെത്തിയിരുന്നു.

സംഭവത്തിൽ പോലീസും വനംവകുപ്പും സംയുക്തമായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്താനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്.