തിരുവനന്തപുരം: കടന്നല്‍ കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. അരുവിക്കര മുളയറ സ്വദേശി സുശീലയാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തി ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് സുശീല മരിച്ചത്.

അരുവിക്കര ഗ്രാമ പഞ്ചായത്തിലെ ഭഗവതിപുരം വാര്‍ഡില്‍ തൊഴിലുറപ്പ് ജോലിക്കിടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് സുശീല ഉള്‍പ്പെടെ ഇരുപതോളം തൊഴിലാളികള്‍ക്ക് കടന്നലിന്റെ കുത്തേറ്റത്.

കാട് വെട്ടിതെളിക്കുന്നതിനിടെ കടന്നല്‍ കൂട്ടം ഇളകി തൊഴിലാളികളെ കുത്തുകയായിരുന്നു. ഇതില്‍ പത്ത് പേര്‍ മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവര്‍ വെള്ളനാട് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.