- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂർത്തിയാകാത്ത കുട്ടികളെ വിളിച്ചുവരുത്തി ലഹരി നൽകി, പിന്നാലെ ക്രൂരമായി മർദ്ദിച്ച് പണം കവർന്നു; തമിഴ്നാട്ടിൽ ഒളിവിൽ കഴിയവേ 'ഡിങ്കനെ' സാഹസികമായി പൊക്കി പോലീസ്

മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മർദ്ദിക്കുകയും ലഹരി പദാർത്ഥങ്ങൾ നിർബന്ധിച്ച് ഉപയോഗിപ്പിക്കുകയും പണം കവരുകയും ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ. മാനന്തവാടി വിമലാനഗർ പാലാക്കുളി പോത്തനാട്ടിൽ വീട്ടിൽ എ.വി. അജിത്ത് (22) ആണ് തമിഴ്നാട്ടിലെ തിരുപ്പൂർ ബോയ പാളയത്തുനിന്ന് മാനന്തവാടി പോലീസിന്റെ പിടിയിലായത്.
'ഡിങ്കൻ' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇയാൾ സംഭവത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്നു. കൗമാരക്കാരെ വിളിച്ചുവരുത്തി നിർബന്ധിച്ച് ലഹരി നൽകിയശേഷം മർദ്ദിക്കുകയും കൈവശമുണ്ടായിരുന്ന പണം കവരുകയുമായിരുന്നു അജിത്ത് ചെയ്തത്. ഇയാൾ മുമ്പും ലഹരിക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് മാനന്തവാടി കൊണിയൻമുക്ക് ചിറക്കൽ വീട്ടിൽ അജിത്ത് കുമാർ (32), കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടിൽ വിഷ്ണു (22) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. മാനന്തവാടി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. റഫീഖിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ കയ്യാലക്കൽ സിദ്ധീഖ്, കെ. പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് തമിഴ്നാട്ടിലെത്തി അജിത്തിനെ പിടികൂടിയത്.


