കൊച്ചി: കടയില്‍ നിന്ന് കൂള്‍ ട്രിങ്ക്‌സ് കുടിച്ചതിന്റെ പണം നല്‍കിയില്ല. കൊച്ചി ക്വീന്‍സ് വാക്ക് വേയില്‍ അര്‍ധരാത്രി യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. പുതുവൈപ്പില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് നഗരമധ്യത്തില്‍ സംഘര്‍ഷത്തില്‍ കലാശിച്ചിക്കുകയായിരുന്നു. സംഭവത്തില്‍ മുളവുകാട് പൊലീസ് കേസ് എടുത്തു.

മര്‍ദനമേറ്റ പുതുവൈപ്പ് സ്വദേശി പ്രശാന്തിന്റെ സുഹൃത്തിന്റെ കടയില്‍ നിന്ന് പ്രതികള്‍ കൂള്‍ ഡ്രിങ്ക്‌സ് വാങ്ങി പണം നല്‍കാതെ മടങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. പിന്നാലെ ഇതു ചോദ്യം ചെയ്‌തെത്തിയ പ്രശാന്തിനെ പ്രതികള്‍ കയ്യേറ്റം ചെയ്തു. കാറില്‍ കടത്തി കൊണ്ടു പോവുകയും ചെയ്തു. തട്ടികൊണ്ടു പോയവരെ പിന്തുടര്‍ന്ന് മറ്റൊരു സംഘമെത്തിയതോടെ കൂട്ടയടിയാണ് ഉണ്ടായത്. മദ്യലഹരിയില്‍ ആയിരുന്നു യുവാക്കളുടെ ഏറ്റുമുട്ടല്‍.

ക്യൂന്‍സ് വോക് വേയില്‍ വച്ച് പിന്തുടര്‍ന്നെത്തിയവരുടെ കാര്‍ അടിച്ചുതകര്‍ത്ത പ്രതികള്‍ കാറിലുണ്ടായിരുന്നവരെ ക്രൂരമായി മര്‍ദിച്ചു. പ്രശാന്തിനും സാരമായി പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെ കേസെടുത്ത മുളവുകാട് പൊലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ രാത്രികാല പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.