കൊച്ചി: നഗരത്തില്‍ വന്‍ ലഹരി മരുന്നു വേട്ട. കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ഒരു യുവതി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റിലായി. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി പൊലീസും കൊച്ചി സിറ്റി ഡാന്‍സാഫും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് മഹാരാഷ്ട്ര സ്വദേശിയായ യുവതിയെയും മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി സ്വദേശികളായ 5 യുവാക്കളെയും പിടികൂടിയത്. മട്ടാഞ്ചേരിയിലെ ഒരു പ്രമുഖ ഹോട്ടലിലും അയ്യന്‍ മാസ്റ്റര്‍ ലൈനിലുള്ള ഒരു വീട്ടിലുമാണ് പരിശോധന നടത്തിയത്.

മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27), മഹാരാഷ്ട്ര പുണെ സ്വദേശിനി അയിഷ ഗഫാര്‍ സെയ്ത് (39) എന്നിവരെ മയക്കുമരുന്നുമായി ഹോട്ടല്‍ മുറിയില്‍വച്ച് പിടികൂടി. ഇവരില്‍ നിന്ന് 15 ലക്ഷത്തോളം വിലവരുന്ന 300 ഗ്രാമിനടുത്ത് എംഡിഎംഎയും 6.8 ഗ്രാം കഞ്ചാവും 3 ലക്ഷത്തോളം രൂപയും കണ്ടെടുത്തു.

അയ്യന്‍ മാസ്റ്റര്‍ ലൈനിലുള്ള വീട്ടില്‍നിന്നും മട്ടാഞ്ചേരി സ്വദേശികളായ സജീര്‍ (28), അദിനാന്‍ സവാദ് (22) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍നിന്ന് 29.16 ഗ്രാം എംഡിഎംഎയും 9.41 ഗ്രാം ഹാഷിഷ് ഓയിലും 4.64 ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. ഫോര്‍ട്ടുകൊച്ചി ദ്രോണാചാര്യയ്ക്ക് സമീപമുള്ള വീട്ടില്‍നിന്നും മട്ടാഞ്ചേരി സ്വദേശി ഷഞ്ജല്‍ (34), ഇയാള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന മുഹമ്മദ് അജ്മല്‍ (28) എന്നിവരെ പിടികൂടി. ഇവരില്‍നിന്ന് 13.91 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പള്ളുരുത്തിയിലെ വെളി ഭാഗത്ത് ബാദുഷ എന്നയാളുടെ വീട്ടില്‍നിന്നും 100.89 ഗ്രാം എംഡിഎംഎയും പിടികൂടി.