പീച്ചി: മയിലാട്ടുംപാറയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. ആടിനെ തീറ്റാന്‍ കാട്ടിലേക്ക് പോയ യുവാവാണ് കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. തോട്ടുങ്കര പുത്തന്‍പുരയില്‍ ഷാജിയുടെയും സാലിയുടെയും മകന്‍ ഷിജോ (36) ആണ് കൊല്ലപ്പെട്ടത്. പീച്ചി വാട്ടര്‍ അതോറിറ്റിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്. ആനയുടെ ആക്രമണത്തില്‍ ഷിജോയുടെ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റിരുന്നത്.

ചൊവ്വാഴ്ച വൈകീട്ട് 5.30-ന് ആടുകളെ മേയ്ക്കാനായി മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയതാണ് ഷിജോ. സന്ധ്യ കഴിഞ്ഞിട്ടും കാണാതായതോടെ നാട്ടുകാര്‍ അന്വേഷിച്ച് കാടിനുള്ളിലേക്ക് പോയപ്പോഴാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കിടക്കുന്നത് കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കാട്ടില്‍ നിന്ന് മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നു.

മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. രോഷാകുലരായ ആളുകള്‍ വനംവകുപ്പിന്റെ വാഹനം തടയാന്‍ ശ്രമിച്ചത് ചെറിയ രീതിയില്‍ സംഘര്‍ഷത്തിനിടയാക്കി. മരിച്ച ഷിജോ അവിവാഹിതനാണ്.