വയനാട്: സുൽത്താൻ ബത്തേരിയിൽ ഭീതി പടർത്തുന്ന 'മുട്ടിക്കൊമ്പൻ' എന്ന കാട്ടാനയെ മയക്കുവെടി വെച്ചു പിടിക്കാനുള്ള നടപടികൾ ഊർജിതമാക്കി. വടക്കനാട് പച്ചാടി സ്വദേശി രാജീവ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ആനയെ പിടികൂടാൻ ഉത്തരവായത്. എന്നാൽ ഉത്തരവിറങ്ങിയിട്ടും ജനവാസ മേഖലകളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് കൊമ്പൻ തുടരുകയാണ്.

നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന മുട്ടിക്കൊമ്പൻ വനാതിർത്തിയിലെ തൂക്കുവേലികൾ തകർക്കുന്നതിൽ വലിയ വൈദഗ്ധ്യമാണ് കാട്ടുന്നത്. വേലിയിൽ വൈദ്യുതി ഉണ്ടോ എന്ന് പരിശോധിക്കാൻ ചെറിയ മരച്ചില്ലകൾ ആദ്യം അതിലേക്ക് വലിച്ചെറിയും. കറന്റുണ്ടെന്ന് ബോധ്യപ്പെട്ടാൽ വലിയ മരങ്ങൾ തള്ളിവീഴ്ത്തി വേലി തകർക്കുകയാണ് രീതി.

കഴിഞ്ഞദിവസം പുലർച്ചെ വടക്കനാട് കല്ലൂർക്കുന്നിലെ സിബിയുടെ കൃഷിയിടത്തിലിറങ്ങിയ ആന തെങ്ങും കവുങ്ങും വാഴകളും വ്യാപകമായി നശിപ്പിച്ചു. പടക്കം പൊട്ടിച്ചോ ശബ്ദമുണ്ടാക്കിയോ ആനയെ ഓടിക്കാൻ ശ്രമിക്കുന്നത് അപകടമാണെന്ന് കർഷകർ പറയുന്നു; കാരണം തുരത്താൻ ശ്രമിച്ചാൽ തിരികെ വന്ന് ആക്രമിക്കുന്ന സ്വഭാവമാണ് മുട്ടിക്കൊമ്പന്റേത്.

ആനയെ പിടികൂടി പാർപ്പിക്കാനുള്ള കൂടൊരുക്കുന്ന പ്രവൃത്തികൾ മുത്തങ്ങ ആനപ്പന്തിയിൽ പുരോഗമിക്കുകയാണ്. കൂട് നിർമ്മിക്കുന്നതിനായി വനംവകുപ്പ് അടയാളമിട്ട യൂക്കാലി മരങ്ങൾ മുറിച്ചു മാറ്റി മുത്തങ്ങയിൽ എത്തിച്ചു. നേരത്തെ 'പന്തല്ലൂർ മഖ്‌ന'യെ പാർപ്പിച്ചിരുന്ന കൂട് നവീകരിക്കുകയോ പുതിയത് നിർമ്മിക്കുകയോ ചെയ്യാനാണ് തീരുമാനം.

കൂടിന്റെ ബലപരിശോധന ഉൾപ്പെടെയുള്ള സാങ്കേതിക നടപടികൾ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ പൂർത്തിയാകും. കൂട് സജ്ജമായാലുടൻ ഒൻപത് സംഘങ്ങളായി തിരിഞ്ഞായിരിക്കും മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ആരംഭിക്കുക. നിലവിൽ കുറിച്യാട് റെയ്ഞ്ചിലെ വനപാലകരും ബത്തേരി ആർ.ആർ.ടി.യും ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ഓരോ ദിവസം വൈകുന്തോറും ആന കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്നത് നാട്ടുകാരിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. സുരക്ഷിതമായ ലൊക്കേഷനിൽ ആന എത്തുന്ന മുറയ്ക്ക് മയക്കുവെടി വെക്കാനാണ് വനംവകുപ്പിന്റെ പ്ലാൻ.