അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി ചോദിച്ച് വിദ്യാർത്ഥികൾ കയറി ചെന്നത് എക്സൈസ് ഓഫീസിൽ. ഇടുക്കി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് ഓഫീസിലാണ് സംഭവമുണ്ടായത്. പ്രായപൂർത്തിയാവാത്ത വിദ്യാ‍ർത്ഥികളെ കഞ്ചാവ് സഹിതം എക്സൈസ് പിടികൂടി. വർക്ക് ഷോപ്പെന്ന് തെറ്റിദ്ധരിച്ചാണ് കുട്ടികൾ എക്സൈസ് ഓഫീസിൽ കയറിയത്.

തൃശ്ശൂരിൽ നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് തീപ്പെട്ടി ചോദിച്ച് എക്സൈസ് ഓഫീസിലേക്ക് കയറിയ ചെന്നത്. രണ്ടുപേർക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. ശേഷം ഇവരെ അധ്യാപകർക്കൊപ്പം വിട്ടയച്ചു.

പിടിയിലായ വിദ്യാ‍ർത്ഥികളിൽ നിന്ന് 5 ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹാഷിഷ് ഓയിലുമാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കേസിന്റെ വിശദാംശങ്ങൾ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറും. കുട്ടികൾക്ക് കൗൺസിലിംഗ് നൽകിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.