- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ചിറ്റൂരിൽ വൻ സ്പിരിറ്റ് വേട്ട; പ്ലാസ്റ്റിക് കന്നാസുകളിലായി ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന 670 ലിറ്റർ സ്പിരിറ്റ് എക്സൈസ് കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് എക്സൈസ്
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ പ്ലാസ്റ്റിക് കന്നാസുകളിലായി ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടി. ചിറ്റൂർ കുന്നം പിടാരി ഡാമിന് സമീപത്താണ് ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന 670 ലിറ്റർ സ്പിരിറ്റ് എക്സൈസ് കണ്ടെടുത്തത്. 35 ലിറ്റർ കൊള്ളുന്ന 21 പ്ലാസ്റ്റിക് കന്നാസുകളിലായാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.രജനീഷിൻറെ നേതൃത്വത്തിൽ കെമു പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഡാമിന് സമീപം സ്പിരറ്റ് ശേഖരം കണ്ടെത്തിയത്.
എന്നാൽ സ്പിരിറ്റ് ആരുടേതാണെന്ന് എക്സൈസിന് കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണ്. പ്രതിയെ ഉടനെ തന്നെ പിടികൂടാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടൽ.
നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് എക്സൈസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയും ചിറ്റൂരിൽ നിന്നും എക്സൈസ് തെങ്ങിൻതോപ്പിൽ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം പിടികൂടിയിരുന്നു.
ചിറ്റൂർ സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ സുഭാഷ്.സി, പി.ടി.പ്രീജു, സിവിൽ എക്സൈസ് ഓഫീസർ നിഷാദ്.എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ്, കെമു ഡ്യൂട്ടിക്കാരായ പ്രിവന്റീവ് ഓഫീസർ എം.എ.പ്രതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രമേഷ് കുമാർ.സി, സുമേഷ്.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുജീബ് റഹ്മാൻ എന്നിവരടങ്ങിയ സംഘമാണ് സ്പിരിറ്റ് പിടകൂടിയത്.