പാലക്കാട്: വാളയാറിൽ ടോൾ പ്ലാസയിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് സംഘം വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ 7.10 കിലോഗ്രാം കഞ്ചാവാണ് വാഹനത്തിൽ നിന്ന് കണ്ടെടുത്തത്. 24 കാരനാണ് പ്ലാസ്റ്റിക് കവറിൽ നിറച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലക്കാരനായ സുജൻ മണ്ഡൽ എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്.

പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ്.ആർ, വാളയാർ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള ഒറ്റപ്പാലം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് എക്സൈസ് സംഘമാണ് ടോൾ പ്ലാസയിൽ പരിശോധന നടത്തിയിരുന്നത്. വാളയാർ അതിർത്തിയിലൂടെ ലഹരിക്കടത്ത് വർദ്ധിച്ച് വരുന്ന പശ്ചാത്തലത്തിൽ കർശന പരിശോധനയാണ് പോലീസ് നടത്തുന്നത്. വാളയാർ ടോൾ പ്ലാസയിൽ നേരത്തെയും ലഹരിക്കടത്ത് പിടികൂടിയിട്ടുണ്ട്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ബെന്നി.കെ.സെബാസ്ററ്യൻ, രാമചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ ദേവകുമാർ.വി, സമോദ്, ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ്.കെ.ജെ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.