പാലക്കാട്: വീട്ടിലിരുന്ന് ഓൺലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് വാഗ്‌ദാനം നൽകി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ. കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ് തട്ടിപ്പിനിരയായത്. 48,59,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

2024 നവംബർ മാസത്തിലാണ് സംഭവം. വാട്സ് ആപ്പ് വഴിയാണ് പ്രതി പരാതിക്കാരനെ ബന്ധപ്പെട്ടത്. ടെലഗ്രാം ലിങ്ക് വഴി നൽകുന്ന ജോലികൾ ചെയ്താൽ മികച്ച വരുമാനം നേടാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. വിശ്വാസം നേടിയെടുക്കുന്നതിനായി തുടക്കത്തിൽ ചെറിയ തുകകൾ ശമ്പളമായി പരാതിക്കാരൻ്റെ അക്കൗണ്ടിലേക്ക് അയച്ചുനൽകി. ഇതിൽ വിശ്വാസം വന്നതോടെ, വലിയൊരു തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ശേഷം നിക്ഷേപിച്ച തുക മുഴുവനായി തട്ടിയെടുക്കുകയായിരുന്നു.

വലിയ തുക നിക്ഷേപമായി നൽകിയ ശേഷം ലാഭം ലഭിക്കാതായതോടെയാണ് തട്ടിപ്പിനിരയായ വിവരം പരാതിക്കാരൻ മനസ്സിലാക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ, തട്ടിയെടുത്ത പണത്തിൽ നിന്ന് 2,25,000 രൂപ പ്രതിയുടെ കാട്ടാക്കടയിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഈ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് ആൻ്റോ ബിജുവിനെതിരെ തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും സമാനമായ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി വ്യക്തമായത്.