കണ്ണൂർ: വോട്ടുയന്ത്രത്തിൽ വിരലമർത്തും മുൻപ് വോട്ടർമാരൊന്ന് കണ്ണ് തിരുമ്മേണ്ടി വരും. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വരെ നീളുന്ന പ്രമുഖരുടെ നിരയ്ക്ക് കണ്ണൂരിൽ 'അപര' ഭീഷണി. പേരിനൊപ്പമുള്ള വാല് മാറ്റിയും മറിച്ചും അപരൻമാർ കളം നിറഞ്ഞതോടെ ഔദ്യോഗിക സ്ഥാനാർത്ഥികൾ പേരിനൊപ്പം പ്രൊഫഷൻ കൂടി ചേർത്ത് രക്ഷ തേടുകയാണ്.

ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എ.എം. വിജയനാണ് വെല്ലുവിളി. പേരാവൂരിൽ സണ്ണി ജോസഫിന് ഒരേ പേരിലുള്ള രണ്ട് അപരന്മാരാണുള്ളത്— സണ്ണി ജോസഫ് മുതുകുളത്തേലും സണ്ണിയും. അപരശല്യം ഒഴിവാക്കാൻ സണ്ണി ജോസഫിന്റെ പേരിന് മുന്നിൽ 'അഡ്വക്കറ്റ്' എന്ന് ചേർത്തിട്ടുണ്ട്. എതിരാളിയായ എൽഡിഎഫിലെ കെ.കെ. ശൈലജയ്ക്ക് എ.വി. ശൈലജയും സി. ശൈലജയുമാണ് അപരഭീഷണി ഉയർത്തുന്നത്. വോട്ടർമാർക്ക് തിരിച്ചറിയാനായി പേരിനൊപ്പം 'ടീച്ചർ' എന്നും ചേർത്തു.

തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്രൻ ടി.കെ. ഗോവിന്ദന് അതേ പേരിൽ അപരനെത്തിയതോടെ 'മാസ്റ്റർ' എന്ന വിശേഷണം കൂട്ടുപിടിച്ചു. ഇവിടെ എൽഡിഎഫിലെ പി.കെ. ശ്യാമളയ്ക്ക് പി. ശ്യാമളയാണ് വെല്ലുവിളി. കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കെ. രാമചന്ദ്രനും ടി.ഒ. മോഹനന് താഴെക്കണ്ടി മോഹനനും അപരന്മാരായി രംഗത്തുണ്ട്.

കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയ്ക്ക് കെ. രാമചന്ദ്രനും യു.ഡി.എഫിലെ ടി.ഒ. മോഹനന് താഴെക്കണ്ടി മോഹനനും അപരൻമാർ. അഴീക്കോട് യു.ഡി.എഫ്. സ്ഥാനാർഥി കരീം ചേലേരിക്ക്‌ കരീം ചന്ത്രോത്തും വി.വി. അബ്ദുൾ കരീമും എൽ.ഡി.എഫിലെ കെ.വി. സുമേഷിന് ടി.പി. സുമേഷും കെ. സുമേഷ്‌കുമാറുമാണ് അപരൻമാർ. കല്യാശ്ശേരി യു.ഡി.എഫ്. സ്ഥാനാർഥി രാജീവൻ കപ്പച്ചേരിക്ക്‌ അപരനായി രാജീവൻ കണ്ണോത്തുണ്ട്.

മട്ടന്നൂരിൽ എൽ.ഡി.എഫിലെ വി.കെ. സനോജിന് സനോജും യു.ഡി.എഫിലെ ചന്ദ്രൻ തില്ലങ്കേരിക്ക്‌ ചന്ദ്രൻ തെങ്ങേലത്തും കൂത്തുപറമ്പിൽ എൽ.ഡി.എഫിലെ പി.കെ. പ്രവീണിന് പ്രവീൺകുമാറും യു.ഡി.എഫിലെ ജയന്തി രാജന് ജയന്തിയും അപരൻമാരായുണ്ട്. തലശ്ശേരിയിൽ എൽ.ഡി.എഫിലെ കാരായി രാജന് ഒ.പി. രാജനും വി.പി. രാജനുമുള്ളപ്പോൾ യു.ഡി.എഫിലെ കെ.പി. സാജുവിന് വി.പി. സാജുവാണ് വെല്ലുവിളി.

ജില്ലയിലെ ആകെ 78 സ്ഥാനാർത്ഥികളിൽ ഒൻപത് പേർ വനിതകളാണ്. കെ.കെ. ശൈലജ (പേരാവൂർ), പി.കെ. ശ്യാമള (തളിപ്പറമ്പ്), ജയന്തി രാജൻ (കൂത്തുപറമ്പ്), രശ്മി രവി (അഴീക്കോട്) എന്നിവരാണ് മുന്നണി സ്ഥാനാർത്ഥികൾ. ബാക്കി അഞ്ചുപേർ സ്വതന്ത്രരാണ്.