ഇടുക്കി: കടമാക്കുടിയില്‍ അയല്‍വാസികളുടെ വീട്ടില്‍നിന്ന് സ്വര്‍ണം കവര്‍ന്ന അമ്മയും മകനും പിടിയിൽ. തമിഴ്നാട് സ്വദേശികളും ഇടുക്കിയില്‍ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ചു വരുന്നതുമായ മുരുകേശ്വരി രമേശ് , മകന്‍ ശരണ്‍കുമാര്‍ എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. അയല്‍വീട്ടില്‍ താമസിച്ചിരുന്നവര്‍ ആശുപത്രി ആവശ്യത്തിനായി വീടുവിട്ടുനിന്ന സമയത്താണ് ഇവര്‍ 9.5 പവന്‍ സ്വര്‍ണം മോഷ്ടിച്ചത്.

മുരുകേശ്വരിയും ശരണും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ അടുത്തുള്ള വീട്ടുകാര്‍ ജനുവരി 23-ന് ആശുപത്രി ആവശ്യത്തിനായി പുറത്തു പോയിരുന്നു. ഫെബ്രുവരി രണ്ടിന് തിരിച്ചു വന്നപ്പോഴാണ് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 9.5 പവന്‍ സ്വര്‍ണം മോഷണം പോയ കാര്യം മനസിലാക്കുന്നത്. തുടര്‍ന്ന് കട്ടപ്പന പോലീസില്‍ പരാതി നൽകുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടുകാര്‍ പുറത്തുപോവുമ്പോള്‍ താക്കോല്‍ ഒളിപ്പിച്ചു വെക്കുന്നത് മനസിലാക്കിയ പ്രതികള്‍ സ്വര്‍ണം കൈക്കലാക്കുകയായിരുന്നു എന്ന് കണ്ടെത്തി. മോഷ്ടിച്ച സ്വര്‍ണം നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച് പ്രതികള്‍ നാലു ലക്ഷം രൂപ വാങ്ങിയതായി തെളിയുകയായിരുന്നു.