കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫും എല്‍ഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ ആണ് ഹര്‍ത്താല്‍. ദുരന്തബാധിതരുടെ പുനരധിവാസം വൈകിപ്പിക്കുന്നു എന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച യുഡിഎഫ് ആരോപിക്കുന്നത്. വിവിധസംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകളടച്ചും ഹര്‍ത്താലിനോട് സഹകരിക്കണമെന്നാണ് ഇരു മുന്നണികളുടെയും ആഹ്വാനം. ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ചരക്ക് നീക്കത്തിനുള്ള വാഹനങ്ങളും നിലവില്‍ നിരത്തിലുണ്ട്. മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളാണിവ.

രാവിലെ കല്‍പ്പറ്റ നഗരത്തില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ ഓടുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഹര്‍ത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ യുഡിഎഫ് മാര്‍ച്ച് നടത്തും.

കല്‍പ്പറ്റ നഗരത്തില്‍ അടക്കം എല്‍ഡിഎഫിന്റെ പ്രതിഷേധ പ്രകടനവും നടക്കും. ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് ഉള്‍പ്പെടെ ഉന്നയിച്ച് കേന്ദ്രത്തിനെതിരെയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍.പോലീസ് സംരക്ഷണത്തില്‍ ദീര്‍ഘദൂര ബസ്സുകള്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്.

അതേസമയം വയനാട്ടിലെ ലക്കിടിയില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. വയനാട്ടിലെ മൂന്ന് ഡിപ്പോകളില്‍ നിന്ന് പോലീസ് സംരക്ഷണത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.