- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓണം കഴിഞ്ഞില്ലേ..ഇനി കുറച്ച് മഴയാകാം..'; സംസ്ഥാനത്ത് വീണ്ടും മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം; ഇടിമിന്നലടിക്കാനും സാധ്യത; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ മുതൽ മൂന്ന് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകുമെന്നാണ് പ്രവചനം.
ഇതുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയും ബുധനാഴ്ചയും തെക്കൻ കേരളത്തിലെ ചില ജില്ലകളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ചൊവ്വാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച്, സെപ്റ്റംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും സെപ്റ്റംബർ 10ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.


