- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; പുറത്തിറങ്ങുമ്പോൾ മുൻകരുതലുകൾ ഉറപ്പായും പാലിക്കണമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഇക്കുറി തുലാവർഷം തുടക്കത്തിൽ തന്നെ ശക്തമാകാൻ സാധ്യത. ബംഗാൾ ഉൾകടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴി അറബിക്കടലിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനുള്ള സാഹചര്യമാണുള്ളത്. ഇത് അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകാൻ കാരണമായി.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രകാരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ നിലവിലുള്ള ചക്രവാതച്ചുഴി കന്യാകുമാരി തീരം വഴി തെക്ക് കിഴക്കൻ അറബിക്കടലിലേക്കും ലക്ഷദ്വീപ്, കേരള, തെക്കൻ കർണാടക തീരങ്ങളിലേക്കും ഞായറാഴ്ചയോടെയെത്തി ന്യൂനമർദ്ദമായി രൂപപ്പെടാനാണ് സാധ്യത. ഇതിനൊപ്പം തുലാവർഷത്തിന്റെ തുടക്കവും മഴയുടെ ശക്തി വർദ്ധിപ്പിക്കും.
ഇന്ന് (ഒക്ടോബർ 14) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഒക്ടോബർ 15 മുതൽ 18 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മത്സ്യത്തൊഴിലാളികൾക്കുള്ള മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ, കേരള, ലക്ഷദ്വീപ് തീരങ്ങളിൽ നാളെ (ഒക്ടോബർ 15) മുതൽ 18 വരെയും, കർണാടക തീരത്ത് 17, 18 തീയതികളിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദ്ദേശമുണ്ട്.