തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം പ്രവാസി കേരളീയര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സജ്ജീകരിച്ച പ്രത്യേക നോര്‍ക്ക ഹെല്‍പ്ഡെസ്‌ക് നമ്പറുകളില്‍ ഇതുവരെ ലഭിച്ചത് 541 കോളുകള്‍. ഞായറാഴ്ച വൈകിട്ട് ആറ് വരെയുള്ള കണക്കാണിത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഹെല്‍പ്ഡെസ്‌കില്‍ വിദേശത്തുനിന്നും 188 പേരും രാജ്യത്തിനുള്ളില്‍ നിന്നും 353 പേരും ബന്ധപ്പെട്ടു.

ആകെ - 541

ഇന്ത്യ - 353

യുഎഇ - 78

ഖത്തര്‍ - 49

ബഹ്‌റൈന്‍ - 39

കുവൈത്ത് - 12

ഒമാന്‍ - 5

സൗദി അറേബ്യ - 3

യുകെ - 2

സ്ഥിതിഗതികളും ലഭിച്ച വിവരങ്ങളും നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി വി അനുപമ, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി.

കേന്ദ്ര സര്‍ക്കാര്‍, വിദേശകാര്യ മന്ത്രാലയം, അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷനുകള്‍, ലോക കേരള സഭാംഗങ്ങള്‍, പ്രവാസി സംഘടനകള്‍ എന്നിവരുമായി ഏകോപനം തുടരുന്നു. സംഘര്‍ഷം തുടരുന്ന രാജ്യങ്ങളിലുളള പ്രവാസികള്‍ ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ പിന്തുടരണം. അടിയന്തര സഹായത്തിനായി നോര്‍ക റൂട്ട്‌സ് ഹെല്‍പ്ഡെസ്‌കുമായി +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോള്‍), 18004253939 (ടോള്‍ ഫ്രീ നമ്പര്‍, ഇന്ത്യയില്‍ നിന്നും) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

ഡല്‍ഹി കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂം

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ന്യൂഡല്‍ഹിയിലെ കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. 011-23747079, 011-23742320, +91-9310443880 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടവുന്നതാണ്. റസിഡന്റ് കമീഷണര്‍ പുനീത് കുമാര്‍, അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ. അശ്വതി ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തില്‍ കണ്‍ട്രോളര്‍ എ എസ് ഹരികുമാര്‍, ലെയ്‌സണ്‍ ഓഫീസര്‍ രാഹുല്‍ കെ ജെയ്‌സ്വര്‍, നോര്‍ക്ക ഡെവല്പ്പമെന്റ് ഓഫീസര്‍ ജെ ഷാജിമോന്‍ എന്നിവരെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.