- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം; ആനകളുടെ ഉത്തരവാദിത്തം ഉടമസ്ഥന്; ആനകളെ നൂറ് കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തില്‍; പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിര്‍ത്തി; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി കോടതി
കോഴിക്കോട്: കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ രണ്ട് ആനകളാണ് കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ഇടഞ്ഞത്. ഇടഞ്ഞോടിയ ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണെന്നും ആനകളെ നൂറ് കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന കൊട്ടകയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയാണ് കോടതി വിശദീകരണം തേടിയത്. കൊയിലാണ്ടി അപകടത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിര്‍ത്തിയെന്നും ഇത്രയും ദൂരം എന്തിനാണ് വിശ്രമമില്ലാതെ ആനയെ കൊണ്ടുപോയതെന്നും കോടതി ചോദിച്ചു. ചട്ടപ്രകാരം നൂറ് കിലോമീറ്ററില്‍ കൂടുതല്‍ ആനകളെ യാത്ര ചെയ്യിപ്പിക്കാന്‍ പാടില്ല. എന്നാല്‍ നൂറ്റിയമ്പത് കിലോമീറ്ററോളം സഞ്ചരിച്ചാണ് ആനയെ കൊയിലാണ്ടിയിലെത്തിച്ചത്. കൊയിലാണ്ടിയില്‍ ഇടഞ്ഞോടിയ ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടിയിരുന്നത് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണെന്നും കോടതി പറഞ്ഞു.
ആനകളുടെ ഉത്തരവാദിത്തം ഉടമസ്ഥനാണ്. ആനകള്‍ക്ക് മതിയായ വിശ്രമം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല. നീണ്ട നേരത്തെ വെടിക്കെട്ടിന് ശേഷമാണ് ആന വിരണ്ടോടുന്നത്. എന്തിനാണ് ആനകളുടെ ഇത്രയും അടുത്ത് വെച്ച് പടക്കം പൊട്ടിച്ചതെന്നും ആരാണ് അതിനുള്ള അനുമതി നല്‍കിയതെന്നും കോടതി ചോദിച്ചു. കേസില്‍ വനം വകുപ്പിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. കേസ് കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.