തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പിലുണ്ട്. പകല്‍ 11 മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

അതേസമയം, വരാനിരിക്കുന്നത് കടുത്ത വേനല്‍ക്കാലം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഫെബ്രുവരി ആദ്യ വാരം തന്നെ ഉച്ചസമയത്തേ താപനില 36 മുതല്‍ 38 ഡിഗ്രി വരെ എന്നുമെന്നാണ് കാലാവസ്ഥാ നിരീക്ഷികര്‍ സൂചിപ്പിക്കുന്നത്. കാലാവസ്ഥാമാറ്റം മൂലം നേരത്തേ വേനലെത്തുന്നത് ഏതാനും വര്‍ഷങ്ങളായി തുടരുന്നുണ്ട്. ഇത്തവണ പതിവിലും നേരത്തേയാണെന്നുമാത്രം. ജനുവരി 30-നു തന്നെ സംസ്ഥാനത്ത് പലയിടത്തും പകല്‍ താപനില കാര്യമായി ഉയര്‍ന്നിരുന്നു. അടുത്ത മൂന്നരമാസം രാജ്യത്തുടനീളം കടുത്ത ചൂട് പ്രതീക്ഷിക്കാം.

മാര്‍ച്ച് ഏപ്രില്‍, മെയ് മാസങ്ങളാണ് രാജ്യത്ത് വേനല്‍ക്കാലമായി പരിഗണിക്കുന്നത്. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി ഫെബ്രുവരിയിലും പകല്‍സമയത്ത് അന്തരീക്ഷം പതുക്കെ ചൂടാകുന്നു. മാര്‍ച്ച് 21-ഓടെ സൂര്യന്‍ ഭൂമധ്യരേഖയില്‍ എത്തുകയും തെക്കന്‍ അര്‍ധഗോളത്തില്‍നിന്ന് ഇന്ത്യയടക്കമുള്ള വടക്കന്‍മേഖലയിലേക്ക് കടക്കുകയും ചെയ്യും. അതോടെ താപനില വീണ്ടും ഉയരുമെന്ന് കാലാവസ്ഥാഗവേഷകന്‍ ഗോപകുമാര്‍ ചോലയില്‍ പറയുന്നു. ഇത്തവണ ഇടമഴകള്‍ക്കും സാധ്യത കുറവാണെന്നാണ് നിരീക്ഷണം.