- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവർക്ക് എന്താ..നിയമം ബാധകമല്ലേ..'; പക്ഷിപ്പനിയെ തുടർന്ന് കോഴിയിറച്ചി നിയന്ത്രണം; ബ്രാൻഡഡ് സ്ഥാപനങ്ങളിൽ പരിശോധനയില്ലെന്ന് ആരോപണം; ആലപ്പുഴയിൽ ഹോട്ടലുകളടച്ച് പ്രതിഷേധം
ആലപ്പുഴ: പക്ഷിപ്പനി ബാധയെത്തുടർന്ന് ഹോട്ടലുകളിൽ കോഴിയിറച്ചിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) പ്രതിഷേധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് കെ.എച്ച്.ആർ.എ. അറിയിച്ചു. ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിക്കാൻ അനുമതി നൽകണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം.
ജില്ലയിലെ 1,500 ഹോട്ടലുകൾ സമരത്തിൽ പങ്കെടുക്കും. പക്ഷിപ്പനി ബാധിതമേഖലയുടെ 10 കിലോമീറ്റർ ചുറ്റളവിൽ കോഴിയിറച്ചി, മുട്ട തുടങ്ങിയവയുടെ വിൽപനയ്ക്ക് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഹോട്ടലുകളിൽ പരിശോധന ശക്തമാക്കിയത്. ഇതേത്തുടർന്നാണ് ശീതീകരിച്ച കോഴിയിറച്ചി ഉപയോഗിക്കാൻ അനുമതി തേടി കെ.എച്ച്.ആർ.എ. കളക്ടറുമായി ചർച്ച നടത്തിയത്. എന്നാൽ, അനുകൂല നിലപാട് ഉണ്ടാകാത്തതിനാലാണ് ഹർത്താൽ ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
നിലവിലുള്ള നിരോധനം ബുധനാഴ്ച അവസാനിക്കും. നിരോധനം ജില്ലാ ഭരണകൂടം നീട്ടാൻ തീരുമാനിച്ചാൽ തുടർസമരങ്ങൾ ശക്തമാക്കാനാണ് കെ.എച്ച്.ആർ.എ.യുടെ തീരുമാനം.
അതേസമയം, വൻകിട ബ്രാൻഡഡ് സ്ഥാപനങ്ങളുടെ ഫ്രൈഡ് ചിക്കൻ വിൽപന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിട്ടില്ലെന്നും അവിടെ വിൽപന തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും കെ.എച്ച്.ആർ.എ. ആരോപിച്ചു. ഇവർക്ക് നിയമം ബാധകമാകാത്തതിന്റെ കാരണം അധികൃതർ വ്യക്തമാക്കണം. പക്ഷിപ്പനി പ്രതിരോധിക്കാൻ നിശ്ചിത കാലയളവിൽ താറാവ് കൃഷിക്ക് നിരോധനം ഏർപ്പെടുത്തണമെന്നും കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡന്റ് നാസർ ബി. താജ്, സെക്രട്ടറി മനാഫ് എസ്. കുബാബ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹോട്ടൽ മേഖലയുടെ നിലനിൽപ്പിന് വെല്ലുവിളിയാകുന്ന ഇത്തരം നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.




