തിരുവനന്തപുരം: 1.62 കോടി രൂപയുടെ ഓഹരി വ്യാപാര സിറ്റി സൈബര്‍ തട്ടിപ്പ് കേസില്‍ ആഗസ്റ്റ് 23 മുതല്‍ ജയിലില്‍ കഴിയുന്ന എട്ടാം പ്രതി ഫെബിനക്കും ഒമ്പതാം പ്രതി ഷുക്കൂര്‍ അലിക്കും ജാമ്യം നിരസിച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജിന്റേതാണ് ഉത്തരവ്. പാലക്കാട് എടത്തനാട്ടുകരയില്‍ ആമിന മകള്‍ ഫെബിന (44) , മലപ്പുറം കോട്ടക്കല്‍ കുഴിപ്പുറത്ത് അലി മകന്‍ ഷുക്കൂര്‍ അലി (33) എന്നിവരുടെ ജാമ്യഹര്‍ജികളാണ് തള്ളിയത്.

ആള്‍മാറാട്ടത്തിലൂടെ പ്രതികള്‍ വഞ്ചിച്ചെടുത്ത തുകയില്‍ ഉള്‍പ്പെട്ട 20 ലക്ഷം രൂപ അഞ്ചാം പ്രതി അയച്ചുനല്‍കിയത് ബാങ്കില്‍ നിന്നും പിന്‍വലിച്ചെടുത്ത ഫെബിനക്കും ഷുക്കൂര്‍ അലിക്കുമാണ് ജാമ്യം നിഷേധിച്ചത്. 2024 ജനുവരി 31 മുതലുള്ള വിവിധ തീയതികളിലാണ് തട്ടിപ്പ് നടന്നത്. തലസ്ഥാന നിവാസിയായ ആവലാതിക്കാരനെ ചതിക്കണമെന്നും തങ്ങള്‍ അനര്‍ഹമായ നേട്ടം ഉണ്ടാക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം കൊയ്യാമെന്ന് വഞ്ചനാപരമായി വാഗ്ദാനം ചെയ്യുകയും അതിന് ശേഷം 2024 ജനുവരി 31 മുതല്‍ വിവിധ തീയതികളിലായി പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യാന്‍ പ്രേരിപ്പിച്ച് മൊത്തം 1,62,15,986 രൂപ വിശ്വാസ വഞ്ചന ചെയ്‌തെടുത്ത് ചതിച്ചുവെന്നാണ് കേസ്.