പത്തനംതിട്ട: മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ നിരന്തര ലൈംഗിക പീഡനത്തിന് പെണ്‍കുട്ടിയെ വിധേയയാക്കിയ പ്രതിക്ക് 73 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം പിഴയും ശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി. തോട്ടപ്പുഴശ്ശേരി കുറിയന്നൂര്‍ ചുവട്ടുപാറ മുളക്കലോലില്‍ വീട്ടില്‍ സാജു എം. ജോയി(39)യൊണ് ശിക്ഷിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും, പോക്സോ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. റാന്നി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴ അടച്ചില്ലെങ്കില്‍ 14 മാസം കൂടി അധിക തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിച്ചു.

2019 ജനുവരി ഒന്നു മുതലാണ് പീഡനം തുടങ്ങിയത്. 2023 മാര്‍ച്ച് 17 വരെയുള്ള കാലയളവില്‍ പല തവണ കുട്ടിയുടെ വീട്ടില്‍ വച്ചും മറ്റും പ്രതി ബലാല്‍സംഗം ചെയ്തു. 12 വയസാകും മുമ്പായിരുന്നു ആദ്യം പീഡിപ്പിച്ചത്. നാല്, ആറ് ക്ലാസുകളില്‍ പഠിക്കുമ്പോഴും പീഡനം ആവര്‍ത്തിച്ചു. 2023 ഫെബ്രുവരി ആറിന് വൈകിട്ട് വീട്ടില്‍ അതിക്രമിച്ചു കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കവിളില്‍ അടിക്കുകയും ചെയ്തു.

അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. വിനോദ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തതും അന്വേഷണം നടത്തി പ്രതിയെ പിടികൂടിയതും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. കോടതി നടപടികളില്‍ എഎസ്ഐ ഹസീന പങ്കാളിയായി.