കൊച്ചി: മാസപ്പടി കേസില്‍ സിബിഐI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഴുവന്‍ എതിര്‍കക്ഷികളെയും വിശദമായി കേള്‍ക്കണമെന്ന് ഹൈക്കോടതി. മുഖ്യമന്ത്രി, മകള്‍ വീണ വിജയന്‍, വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി, കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ തുടങ്ങി എല്ലാ എതിര്‍കക്ഷികളോടും എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. സിഎംആര്‍എല്ലിനെ സഹായിച്ച് പിണറായി വിജയന്‍ കൈക്കൂലി വാങ്ങിയെന്നും വീണയെ ഇതിനായി മറയാക്കുകയായിരുന്നു എന്നും വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എം.ആര്‍.അജയനാണ് കോടതിയെ സമീപിച്ചത്.

ക്രമക്കേട് സംബന്ധിച്ച് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ വ്യക്തമാണെന്നും ഈ വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. മറ്റൊരു ബെഞ്ച് പരിഗണിച്ചിരുന്ന കേസ് പിന്നീട് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ പരാമര്‍ശിക്കുന്നവരുടെ പട്ടിക ഹാജരാക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് സമര്‍പ്പിക്കേണ്ടത് ആദായനികുതി വകുപ്പാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു.

സിഎംആര്‍എല്‍എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ വീണ, ഇവരുടെ സ്ഥാപനം, കരിമണല്‍ കമ്പനി എംഡിയും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ തങ്ങളെ കേള്‍ക്കാതെയാണ് എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി മുമ്പാകെയുള്ള കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.