തിരുവനന്തപുരം: കേരളത്തില്‍ നിന്നൊരു ലോക്‌സഭാ അംഗമുണ്ടായിട്ടും ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരളത്തിന്റെ ആവശ്യങ്ങളൊന്നും പരിഗണിക്കാത്ത ബജറ്റാണ്. മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഒരു പദ്ധതി ഇല്ല. ബിഹാറിന് വാരിക്കോരി പദ്ധതികള്‍ നല്‍കുന്ന കാഴ്ചയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ കാണാനായതെന്ന് കെ മുരളിധരന്‍ പറഞ്ഞു.

ബിഹാറിന് വാരിക്കോരിക്കൊടുത്തത് ബിഹാറിനോടുള്ള ഇഷ്ടം കൊണ്ടല്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്ന് മനസിലാക്കിക്കൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കുറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതാണ്. പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും പ്രാബല്യത്തില്‍ വരുന്നില്ല. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പോലും കേരളമില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇന്ത്യയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി, ബജറ്റ് അവതരിപ്പിക്കാന്‍ നിര്‍മല സീതാരാമന്‍ ഇതുവരെ അവതരിപ്പിച്ച എട്ട് ബജറ്റിലും കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ ജനങ്ങളെ പല തട്ടിലായാണ് സര്‍ക്കാര്‍ കാണുന്നത്. ഇത് ഉണ്ടാവാതെ ബജറ്റില്‍ പറയുന്നത് പോലെ ദാരിദ്ര നിര്‍മാജ്ജനം ഉണ്ടാവില്ലായെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ദാരിദ്യ നിര്‍മാര്‍ജനം സാധ്യമാക്കണമെങ്കില്‍ ഇന്ത്യയിലെ ജനങ്ങളെ ഒന്നായി കാണണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ പല തട്ടില്‍ കാണുന്ന ഒരു സര്‍ക്കാരിന് ദാരിദ്യ നിര്‍മാര്‍ജനം പൂര്‍ണമാക്കാന്‍ കഴിയില്ല. മുരളീധരന്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ നിലപാടുകള്‍ സ്വാധീനിച്ചിട്ടുണ്ടെങ്കിലും രാജ്യത്ത് ന്യൂനപക്ഷങ്ങളും പ്രധാന ഘടകമാണെന്നുള്ള യാഥാര്‍ത്ഥ്യം വാജ്‌പേയിക്ക് മനസിലായിരുന്നു. എന്നാല്‍ നരേന്ദ്രമോദിയുടെ ലിസ്റ്റില്‍ ന്യൂനപക്ഷങ്ങളില്ല. ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തെ ദുരിതബാധിതരെ സഹായിക്കുന്ന ഒരു പദ്ധതിയും കേന്ദ്രത്തിന്റെ ഭാ?ഗത്തുനിന്നുണ്ടായിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലും മൗനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.