- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടി കോണ്‍ഗ്രസില്‍ ബോംബ് വീണിട്ടും ആളനക്കമില്ല; സി പി എമ്മിന്റെ അന്നദാതാവായ പിണറായിക്കുവേണ്ടി പാര്‍ട്ടി കോണ്‍ഗ്രസ് തിരുവാതിര വരെ കളിക്കും; പിണറായിക്ക് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്ന് കെ സുധാകരന്‍
പാര്‍ട്ടി കോണ്‍ഗ്രസില്‍ ബോംബ് വീണിട്ടും ആളനക്കമില്ല
തിരുവനന്തപുരം: അഴിമതി വീരന്‍ പിണറായി വിജയനെ സംരക്ഷിച്ച പാര്‍ട്ടി കോണ്‍ഗ്രസിന്റെ നടപടി മൂലം സിപിഎം ദേശീയതലത്തില്‍ പോലും ലജ്ജിച്ചു തലതാഴ്ത്തി നില്‍ക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ രാജ്യം മുഴുവന്‍ എത്തിക്കാന്‍ നടത്തിയ പാര്‍ട്ടി കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ അഴിമതികള്‍ കേട്ട് തരിച്ചിരിക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ബോംബ് വീണിട്ടും ആളനക്കമില്ല. ഒരക്ഷരം പോലും എതിര്‍ത്തു പറയാന്‍ നട്ടെല്ലുള്ള ഒരു നേതാവുപോലും ആ പാര്‍ട്ടിയില്‍ ഇല്ലാതായി. അഴിമതിയില്‍ മുങ്ങിയ സി പി എമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയന്‍ മാറിയെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
പാര്‍ട്ടി കോണ്‍ഗ്രസില്‍ കട്ടന്‍ ചായയും പരിപ്പുവടയും വരെ പിണറായി വിജയന്‍ സ്പോണ്‍സര്‍ ചെയ്യുമ്പോള്‍ ആര്‍ക്കാണ് എതിര്‍ത്തു പറയാന്‍ കഴിയുക? സി പി എമ്മിന്റെ അന്നദാതാവായ പിണറായിക്കുവേണ്ടി പാര്‍ട്ടി കോണ്‍ഗ്രസ് തിരുവാതിര വരെ കളിക്കും. പൊളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയുമൊക്കെ കൈകൊട്ടി കളിക്കും. പിണറായി വിജയന് മാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കും. ബാക്കിയുള്ളവരൊക്കെ പൊളിറ്റ് ബ്യൂറോയില്‍നിന്ന് കടക്കൂ പുറത്ത് എന്ന അവസ്ഥയാണെന്നും സുധാകരന്‍ ചൂണ്ടികാട്ടി.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവ്ലിന്‍ ഇടപാടില്‍ പിണറായി വിജയനെ പാര്‍ട്ടി സംരക്ഷിച്ചതിനുള്ള ശിക്ഷയാണ് മാസപ്പടി കേസിലെ കുറ്റപത്രം. ഒരച്ഛന്‍ മകളിലൂടെ വരെ അഴിമതി നടത്തുന്നതു കേരളം കാണുന്നതും ഇതാദ്യം. സംഘപരിവാറിനെ കൂട്ടുപിടിച്ചുള്ള പിണറായി വിജയന്റെ രാഷ്ട്രീയാഭ്യാസങ്ങള്‍ സി പി എം അഖിലന്ത്യാ നേതൃത്വത്തിനും അറിയാം. പക്ഷേ എല്ലാവരും നിസഹായര്‍. 55 ദിവസം പിന്നിടുന്ന ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍ക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസില്‍ മുറവിളി ഉയര്‍ന്നെങ്കിലും അന്നദാതാവ് അതുപോലും പരിഗണിച്ചില്ല. സി പി എം നേരിടുന്ന അഗാധമായ പ്രതിസന്ധി പരിഹരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരെങ്കിലും മുന്നോട്ടു വരണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.