പത്തനംതിട്ട: സിപിഎമ്മിന്റെ കൊട്ടാര വിപ്ലവത്തില്‍ ഇപ്പോള്‍ അരങ്ങേറുന്നത് കള്ളക്കടത്തുകാരുടെ കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിനുള്ള തര്‍ക്കമെന്ന് ബിജെപി സംസ്ഥാന അദ്ധ്്യക്ഷന്‍ കെ സുരേന്ദ്രന്‍. ക്വട്ടേഷന്‍ സംഘങ്ങള്‍ തട്ടിച്ചെടുക്കുന്ന കൊള്ളമുതല്‍ പങ്കുവയ്ക്കുന്നതിനുള്ള തര്‍ക്കമാണ് പരസ്യമായ വിഴുപ്പലക്കലിലൂടെ പുറത്തുവന്നത്. ക്വട്ടേഷന്‍ സംഘങ്ങളും സ്വര്‍ണ കള്ളക്കടത്തുകാരും തൊണ്ടിമുതലും അതിലെ പൊലീസിന്റെ കമ്മിഷനുമാണ് പുറത്തുവന്നിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലും ഇത് കണ്ടതാണ്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വരെയുള്ള ബന്ധം സ്ഥിരീകരിച്ചു കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.#

എഡിജിപി എം.ആര്‍. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടെന്നതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയത് ഉണ്ടയില്ലാ വെടിയാണ്. ''എന്ത് മണ്ടത്തരമാണ് സതീശന്‍ പറയുന്നത്. സതീശനു തലയ്ക്ക് ഓളമാണ്. സതീശന്‍ ആളുകളെ വിഢ്ഢികളാക്കുകയാണ്. മുരളീധരന്‍ മൂന്നാം സ്ഥാനത്ത് ആയിപ്പോയി എന്ന് സതീശന്‍ ഓര്‍ക്കണം. 2023 മേയ് മാസമാണ് എഡിജിപിയും ആര്‍എസ്എസ് നേതാവും കൂടിക്കാഴ്ച നടത്തിയത്. 2024ലെ പൂരവുമായി കൂടിക്കാഴ്ചയ്ക്ക് ബന്ധമില്ല'' സുരേന്ദ്രന്‍ പറഞ്ഞു.

''സിപിഎമ്മില്‍ ഒരാള്‍ക്കും അന്തസോടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇ.പി.ജയരാജനെ ഒഴിവാക്കേണ്ടത് വേറെ ആവശ്യമായിരുന്നു. കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ അല്ല ഞങ്ങള്‍ ഇവിടെ ഇരിക്കുന്നത്. മെംബര്‍ഷിപ്പ് ഡ്രൈവ് നടന്നുകൊണ്ടിരിക്കുകയാണ്. സിപിഎമ്മില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ബിജെപിയിലേക്ക് വരും. ബിജെപി പ്രവര്‍ത്തിക്കുന്നത് പിണറായി വിജയനെ തോല്‍പ്പിച്ച് അധികാരം പിടിച്ചെടുക്കാനാണ്. സിപിഎമ്മിനെ പരാജയപ്പെടുത്തി കേരളം പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം.'' സുരേന്ദ്രന്‍ പറഞ്ഞു.

സിപിഐ വെറും കടലാസ് പുലിയാണ്. സിപിഐ നട്ടെല്ല് ഇല്ലാത്ത പാര്‍ട്ടിയാണ്. അവര്‍ ഓരോ വട്ട് പറഞ്ഞു നടക്കും. സിപിഐ പറഞ്ഞ ഏതെങ്കിലും കാര്യം പിണറായി അംഗീകരിച്ചിട്ടുണ്ടോ ? വി.ഡി. സതീശന്‍ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങേണ്ട ആവശ്യമില്ല. 2023 ലാണ് ആര്‍എസ്എസ് നേതാവ് തൃശൂരില്‍ എത്തിയത്. ആര്‍എസ്എസ് പ്രതിനിധി ഒരു ഹോട്ടലിലും താമസിക്കില്ല. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് അത്ര ആനക്കാര്യമല്ല. എന്തിനു കണ്ടു എന്നതില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമാണ്. 2023ല്‍ നടന്ന കൂടിക്കാഴ്ചയില്‍ എങ്ങനെ 2024ലെ പൂരം കലക്കാനുള്ള ചര്‍ച്ച നടക്കും. എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ തെറ്റില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.