കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ മൃതദേഹത്തോട് അനാസ്ഥ കാണിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അറ്റൻഡർമാരായ ആർ.വി. സുജാത, വി.ഡി. രേഖ എന്നിവർക്കാണ് ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) സസ്പെൻഷൻ നൽകിയത്. മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനാണ് നടപടി.

കോട്ടയം മണിമല നെല്ലുവേലി സ്വദേശി ജോമി ജോസഫിന്റെ മൃതദേഹമാണ് മോർച്ചറിയിലെ കേടായ ഫ്രീസറിൽ സൂക്ഷിച്ചതിനെത്തുടർന്ന് ജീർണിച്ച നിലയിൽ ബന്ധുക്കൾക്ക് ലഭിച്ചത്. ഇന്നലെ മരിച്ച ജോമിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.

ഇന്ന് പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിന് മുന്നോടിയായി എത്തിയ ബന്ധുക്കൾക്ക് ജീർണിച്ച് വികൃതവും ദുർഗന്ധം വമിക്കുന്നതുമായ മൃതദേഹം ലഭിക്കുകയായിരുന്നു. സംഭവത്തിൽ ബന്ധുക്കൾ ആശുപത്രിയിൽ ശക്തമായ പ്രതിഷേധമുയർത്തി. മരിച്ചയാളുടെ സഹോദരൻ ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ, ഡിഎംഒ, പോലീസ് എന്നിവർക്ക് പരാതി നൽകിയിരുന്നു.