തളിപ്പറമ്പ്: കാഞ്ഞങ്ങാട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണമടഞ്ഞു. പരിയാരത്തെ കണ്ണൂര്‍മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഇന്ന് രാവിലെ മരണമടഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബം ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗൃഹനാഥന്‍ ഗോപി, ഭാര്യ ഇന്ദിര, മൂത്ത മകന്‍ രഞ്ചേഷ് എന്നിവര്‍ അന്ന് തന്നെ മരിച്ചിരുന്നു.

കഴിഞ്ഞ മാസം 28 ന് പുലര്‍ച്ചെയാണ് ഗോപിയേയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകന്‍ രഞ്ചേഷ് (37) എന്നിവര്‍ അന്ന് തന്നെ മരിച്ചിരുന്നു. സാമ്പത്തിക ബാധ്യത മൂലമാണ് ആത്മഹത്യയെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലര്‍ച്ച ഗോപി അയല്‍വാസിയെ വിളിച്ച് തങ്ങള്‍ ആസിഡ് കുടിച്ചുവെന്ന് അറിയിച്ചതോടെയാണ് ആത്മഹത്യശ്രമം പുറത്തറിയുന്നത്.

അയല്‍ക്കാരന്‍ പൊലീസില്‍ വിവരമറിയിക്കുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേര്‍ മരിച്ചു. മറ്റൊരു മകനായ രാകേഷ് (35) ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. പരിയാരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാകേഷിന്റെ മരണം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.