തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നേരിയ തോതിൽ മഴ ലഭിച്ചു. തലസ്ഥാനത്താകട്ടെ വൈകിട്ട് ഒരു മണിക്കൂറോളം നേരം കാര്യമായ തോതിൽ മഴ ലഭിക്കുകയും ചെയ്തു.

വരും മണിക്കൂറിലും നാളെയും കൊണ്ട് സംസ്ഥാനത്ത് വേനൽ മഴ സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

എഴരയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നാണ് പ്രവചനം.