കൊച്ചി: ഇരുമ്പനത്ത് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടത്തിന് പിന്നാലെ പ്രദേശത്ത് വൻ ഗതാഗത കുരുക്ക്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. അഞ്ച് കിലോമീറ്ററിലേറെ ഗതാഗതം സ്തംഭിച്ചു.

കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിലാണ് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ടാങ്കർ ലോറിയും ബസും കൂട്ടി ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് ടാങ്കറിൻ്റെ ടയർ ഭാഗം തിരിഞ്ഞതോടെയാണിത്. ക്രെയിനെത്തിച്ച് ടാങ്കർ മാറ്റാനുള്ള ശ്രമങ്ങൾ ഇപ്പോൾ തുടരുകയാണ്.

പെട്രോൾ നിറച്ച ടാങ്കർ ലോറി ഇരുമ്പനത്തെ പ്ലാൻ്റിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ബസിടിച്ചാണ് അപകടം. ഒരു ഓട്ടോറിക്ഷയും അപകടത്തിൽപെട്ടു. ബസ് മാത്രമാണ് ആദ്യ ഘട്ടത്തിൽ റോഡിനരികിലേക്ക് മാറ്റിയിടാൻ സാധിച്ചത്.

ടാങ്കർ ലോറി റോഡരികിൽ ഒഴിഞ്ഞ ഇടത്തേക്ക് മാറ്റാനായി ക്രെയിൻ ഉപയോഗിച്ച് വലിച്ചുകൊണ്ട് പോവുകയാണ്. വാഹനത്തിൻ്റെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് പുറത്ത് എത്തിച്ചു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.