- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുത്തുകയറ്റം കയറുന്നതിനിടെ നിയന്ത്രണം മുഴുവൻ നഷ്ടപ്പെട്ടു; പിന്നോട്ട് പാഞ്ഞെത്തി 15 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ് അപകടം; രണ്ടുപേരുടെ നില അതീവ ഗുരുതരം; ദാരുണ സംഭവം കൊല്ലത്ത്

കൊല്ലം: അക്കോണം പൂവണത്തുമൂട് റോഡിൽ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് മറിഞ്ഞ കാറിൽ യാത്ര ചെയ്ത ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതുമണിയോടെയുണ്ടായ അപകടത്തിൽ അക്കോണം സ്വദേശികളായ അബ്ദുസലാം, ഭാര്യ റഷീദ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറോടിച്ച ഇവരുടെ മകൾ ഷഹനയും ഏഴുവയസ്സുള്ള കുട്ടിയും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ചടയമംഗലത്ത് ഒരു കുടുംബസന്ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. പൂവണത്തുമൂട് റോഡിലെ കയറ്റം കയറുന്നതിനിടെ കാർ പിന്നോട്ട് നീങ്ങുകയും നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയുമായിരുന്നു. അപകടത്തിൽ അബ്ദുസലാമിനും റഷീദയ്ക്കും തലയ്ക്കും ശരീരത്തിലും മുറിവേൽക്കുകയും എല്ലുകൾക്ക് പൊട്ടലുണ്ടാവുകയും ചെയ്തിട്ടുണ്ട്.
വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാർ കാറിന്റെ പിൻവാതിൽ തകർത്ത് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്ത് വെഞ്ഞാറമൂട്ടിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റ ദമ്പതികളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


